Monday, March 11, 2013

തെറ്റിദ്ധാരണ



ഒരു സത്രമെന്നല്ലാതെ പിന്നെന്താണ് നീ കരുതിയത്‌......,..
വന്നു കയറാന്‍ അനുവാദം ചോദിക്കേണ്ടി
 വന്നിട്ടില്ല നിനക്കൊരിക്കലും...
വന്നു കയറിയപ്പോള്‍ ഇരിക്കുവാന്‍ പറഞ്ഞിട്ടെ ഉള്ളൂ..
ഭക്ഷണം വിളംബിയിട്ടെ ഉള്ളൂ...


സന്ദര്‍ശക പുസ്തകത്തില്‍ എന്ന പോലെ 
നൂറു നന്ദികള്‍ കുറിച്ചു  ഒരുപൂവും തന്നു 
ഇറങ്ങി പോകുമ്പോള്‍ 

വന്നിരുന്നതും താമസിച്ചതും തിന്നതും കുടിച്ചതും

ഒരു സത്രത്തിലായിരുന്നു എന്നല്ലാതെ മറ്റെന്താണ്
നീ കരുതിയത്‌....


കാര്യമായ ധാരണപ്പിഴവ്..
ഉരുകി ഇല്ലാതാകുന്ന മെഴുകുതിരിയെ
ഒരു സത്രമായി നീ തെറ്റിദ്ധരിച്ചു...



Wednesday, February 27, 2013

സൂക്ഷമത





വീട്ടിലെ സന്ധ്യാ ദീപം തെളിയിക്കാന്‍

നിയോഗിക്കപ്പെട്ട നാല് വയസ്സുകാരന്റെ
കണ്ണുകളും ചുവടുകളും സൂക്ഷ്മതയുടെ
അപാരമായ സാധ്യതകളെ പഠിപ്പിച്ചു തരുന്നു...

 അവന്റെ ഓരോ ചുവടുകളിലും
 എപ്പോള്‍ വേണമെങ്കിലും ഇളകിയെത്താവുന്ന
 കാറ്റിനെ കുറിച്ചുള്ള ആശങ്കകളുണ്ട്...
കണ്ണില്‍ നിറയെ കയ്യിലെ നിലവിളക്കിലെ ദീപനാളത്തോട്
തോന്നുന്ന അടുപ്പവും ഭക്തിയും ഉണ്ട്....

അവ കെടാതെ സൂക്ഷിക്കുവാന്‍ അവന്‍
തന്റെ സര്‍വ്വവുമായ പുഞ്ചിരിയെ പോലും
മാറ്റി വച്ച് ഗൗരവത്തോടെ  നീങ്ങുന്നു....

നീ ഒരു ദീപനാളമായിരുന്നു....ഞാന്‍  നാല് വയസ്സുകാരനായ
ഒരു ബാലനും...പിഴച്ചത് എന്റെ ചുവടുകളിലെ സൂക്ഷ്മതയാവും...
തീര്‍ച്ചയായും കണ്ണിലെ പ്രണയമല്ല....