Monday, March 11, 2013

തെറ്റിദ്ധാരണ



ഒരു സത്രമെന്നല്ലാതെ പിന്നെന്താണ് നീ കരുതിയത്‌......,..
വന്നു കയറാന്‍ അനുവാദം ചോദിക്കേണ്ടി
 വന്നിട്ടില്ല നിനക്കൊരിക്കലും...
വന്നു കയറിയപ്പോള്‍ ഇരിക്കുവാന്‍ പറഞ്ഞിട്ടെ ഉള്ളൂ..
ഭക്ഷണം വിളംബിയിട്ടെ ഉള്ളൂ...


സന്ദര്‍ശക പുസ്തകത്തില്‍ എന്ന പോലെ 
നൂറു നന്ദികള്‍ കുറിച്ചു  ഒരുപൂവും തന്നു 
ഇറങ്ങി പോകുമ്പോള്‍ 

വന്നിരുന്നതും താമസിച്ചതും തിന്നതും കുടിച്ചതും

ഒരു സത്രത്തിലായിരുന്നു എന്നല്ലാതെ മറ്റെന്താണ്
നീ കരുതിയത്‌....


കാര്യമായ ധാരണപ്പിഴവ്..
ഉരുകി ഇല്ലാതാകുന്ന മെഴുകുതിരിയെ
ഒരു സത്രമായി നീ തെറ്റിദ്ധരിച്ചു...



Wednesday, February 27, 2013

സൂക്ഷമത





വീട്ടിലെ സന്ധ്യാ ദീപം തെളിയിക്കാന്‍

നിയോഗിക്കപ്പെട്ട നാല് വയസ്സുകാരന്റെ
കണ്ണുകളും ചുവടുകളും സൂക്ഷ്മതയുടെ
അപാരമായ സാധ്യതകളെ പഠിപ്പിച്ചു തരുന്നു...

 അവന്റെ ഓരോ ചുവടുകളിലും
 എപ്പോള്‍ വേണമെങ്കിലും ഇളകിയെത്താവുന്ന
 കാറ്റിനെ കുറിച്ചുള്ള ആശങ്കകളുണ്ട്...
കണ്ണില്‍ നിറയെ കയ്യിലെ നിലവിളക്കിലെ ദീപനാളത്തോട്
തോന്നുന്ന അടുപ്പവും ഭക്തിയും ഉണ്ട്....

അവ കെടാതെ സൂക്ഷിക്കുവാന്‍ അവന്‍
തന്റെ സര്‍വ്വവുമായ പുഞ്ചിരിയെ പോലും
മാറ്റി വച്ച് ഗൗരവത്തോടെ  നീങ്ങുന്നു....

നീ ഒരു ദീപനാളമായിരുന്നു....ഞാന്‍  നാല് വയസ്സുകാരനായ
ഒരു ബാലനും...പിഴച്ചത് എന്റെ ചുവടുകളിലെ സൂക്ഷ്മതയാവും...
തീര്‍ച്ചയായും കണ്ണിലെ പ്രണയമല്ല....

Friday, November 16, 2012

FILMS: KING'S SPEECH(UK, 2010)



"KINGS SPEECH" എത്ര മാത്രം മികച്ച കഥയും അവതരണവും അഭിനയവുമാണ് കാഴ്ച വക്കുന്നത് എന്നതിന് എന്റെ "വല്ല്യ വര്‍ത്താന"ത്തിന്റെ  ആവശ്യമേ ഇല്ല .. സത്യത്തില്‍ ഇതൊരു സംഭവം സിനിമയാണ് എന്നറിഞ്ഞപ്പോള്‍ മുതല്‍ അത്യാവശ്യം ബ്രൌസിങ്ങും ഗവേഷണവുമൊക്കെ, ഈ സിനിമയെ കുറിച്ചും, ഈ കഥ നടക്കുന്ന കാലഘട്ടത്തിന്റെ പ്രത്യേകതകളെ കുറിച്ചും കഥാ പരിസരത്തെ കുറിച്ചുമൊക്കെ ഞാന്‍ നടത്തിയിരുന്നു..അങ്ങനെ ഒരു മുന്നൊരുക്കമൊന്നും മുമ്പൊരു സിനിമ കാണുന്നതിനും  ഞാന്‍ നടത്തിയിരുന്നുമില്ല...പക്ഷെ, അങ്ങനെ എന്തെങ്കിലുമൊരു "അന്തമില്ലായ്മ" കൊണ്ട് ഈ സിനിമ മനസ്സിലാവാതെ/ ഉള്‍ക്കൊള്ളാനാവാതെ പോകരുത് എന്ന് ആഗ്രഹിച്ചത് കൊണ്ടായിരുന്നു അത്..പോരാത്തതിന് ചോദിച്ചു മനസ്സിലാക്കാന്‍ തക്ക ആള്‍ക്കാരൊന്നും കയ്യകലത്ത് ഇല്ലായിരുന്നു താനും...
പക്ഷെ...കണ്ടു തുടങ്ങിയപ്പോള്‍ മനസ്സിലായി,ചരിത്രബോധവും സിനിമാജ്ഞാനവും മണ്ണാങ്കട്ടയും, അങ്ങനത്തെ യാതൊരു മുന്‍ വിധികളോ തയ്യാറെടുപ്പോ ഇല്ലാതെ ആണെങ്കില്‍ പോലും നമ്മളെ അമ്പരപ്പിക്കാന്‍ ഉതകുന്ന കാക്കത്തൊള്ളായിരം കാര്യങ്ങള്‍ ഈ ബ്രിട്ടീഷ്‌ സിനിമയില്‍ ഉണ്ടെന്ന്‍ ..."A Beautiful Mind" നു ശേഷം ഇത്രമേല്‍ Performance Oriented ആയ ഒരു നായക കഥാപാത്രം ഞാന്‍ കണ്ടിട്ടില്ല.Collin Firth പ്രകടിപ്പിക്കുന്ന അനുപമമായ വഴക്കം അഭിനയം എന്ന കല നില നില്‍ക്കുന്നിടത്തോളം കാലം ഒരു റെഫറന്‍സ്‌ material ആയിരിക്കും എന്നുറപ്പുണ്ട്..  ഒപ്പം,ഒരു കഥയുടെ എല്ലാ വിധ വികാരവും "ക്യാമറ" യുടെ അനുപമമായ സാധ്യതകളിലൂടെ അവതരിപ്പിക്കപ്പെടുന്നത് കണ്ടു വായും പൊളിച്ചു നില്‍ക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ല...കഥാപാത്രങ്ങളുടെ തീവ്രമായ വികാര വായ്പ്പുകള്‍ അത്രമേല്‍ തുല്യമായി തന്നെ നമ്മളിലേക്ക് ആ angles ഒപ്പി വക്കുന്നു...Sheer brilliance...

ഒരു ഒറിജിനല്‍ കഥ, ഇതിലും ഒറിജിനല്‍ ആയി സിനിമയാക്കാന്‍ കഴിയില്ല എന്നുറപ്പുണ്ട്....

Sunday, October 14, 2012

RELATIONS


എന്റെ കയ്യിലുള്ളതെല്ലാം എന്റെതല്ലാത്തവയാണ്...
ചുരുങ്ങിയ പക്ഷം എന്റെതാവാന്‍
കഴിയാത്തവയെങ്കിലുമാണ്...

കൈകുമ്പിളിലാക്കി മാറോടണക്കാന്‍ ശ്രമിച്ചപ്പോള്‍
അവയില്‍ ചിലത് ഊര്‍ന്നു വീണു..
വീഴ്ചയില്‍ കുപ്പായത്തില്‍ കറയും
പെരുവിരലില്‍ രക്തത്തിന്റെ കല്ലിപ്പും ഉണ്ടായി.

ഇനിയും ബാക്കിയായവയെ അണച്ചു പിടിച്ചു
അഭിമാനിക്കുന്നത് വെറുതെയാണെന്നറിയാം...
നാളെ അവയും കുലുങ്ങി പിടഞ്ഞു(ചിലപ്പോള്‍ ഒരു
മാപ്പും പറഞ്ഞു)കുതറിയൊഴിയും,
ഇല്ലെങ്കില്‍ അവകാശികള്‍ വന്നു തട്ടിത്തിരിച്ചെടുക്കും..

ആയിക്കോട്ടെ..
എന്നാലും വേണ്ടില്ല...
വസ്ത്രം മാറ്റുന്നില്ല ഞാന്‍..,..വിരലില്‍ മരുന്നും പുരട്ടുന്നില്ല...

കാരണം ഒടുവില്‍,
കുപ്പായത്തിലെ കറകളും, വിരലിലെ രക്തക്കട്ടകളും എണ്ണി
എനിക്കെന്നെ അളക്കണം..
(ഞാന്‍ എത്രയായിരുന്നു എന്ന്)

Thursday, September 20, 2012

STOP IT..!!


"ഇനിയൊരിക്കലും എന്നെ വിളിക്കരുത്...എനിക്ക് മെസ്സേജുകളോ മെയിലോ അയക്കരുത്..."

ഇങ്ങനെ കുറച്ചു അക്ഷരങ്ങളുടെ മുന്നില്‍ പതറാതെ നിന്ന എത്ര പേരുണ്ട് നമുക്കിടയില്‍...,....'ആരുമാല്ലാതാകാന്‍' പോകുന്ന ഒരാളുടെ സ്വാഭാവികമായ പ്രതികരണം ആണ് ഇതെന്നറിയുമ്പോഴും ആ വാക്കുകളുടെ അര്‍ത്ഥം തലച്ചോറിലേക്ക് ഗ്രഹിക്കുന്തോറും നെഞ്ച് നീറിപ്പുകയാതെ പോയ എത്ര ആളുകള്‍ ഉണ്ടാകും ഈ ഭൂമിയില്‍....,...

ഇങ്ങനെ അങ്ങ് അവസാനിക്കുവാന്‍ വേണ്ടി ആയിരുന്നു ഇതെല്ലാം എന്നതുള്‍ക്കൊള്ലാനാവാതെ....
എങ്ങനെ പ്രതികരിക്കണം എന്നറിയാതെ...
പറയാന്‍ വാക്കുകള്‍ കിട്ടാതെ...
തൊണ്ട വരണ്ടു പോയവര്‍ എത്ര പേരുണ്ട്...

ഉണ്ടാവും..ഉറപ്പായും കുറെ പേര്‍ ഉണ്ടാവും...

"നീയെന്നെ തനിച്ചാക്കി പോയത് കുറെ പേരുടെ ഇടയിലാണ്"

Wednesday, September 19, 2012

FILMS: FIREWORKS WEDNESDAY(iranian)



Asghar Farhadi's Magic again....
അങ്ങേര്‍ മൂന്നാം തവണയും ഞെട്ടിച്ചു....
"Fireworks Wednesday"...
എന്തൊരു കൈയ്യൊതുക്കമാണ് തിരക്കഥക്ക്....മികവ് എന്നോ    masterclass എന്നൊക്കെയോ ഈ സംവിധാനം വിലയിരുത്തുന്നത് അതിനപ്പുറത്തേക്ക് ഒരു വാക്ക് എന്റെ പരിമിതമായ vocabulary ല്‍ ഇല്ലാത്തത് കൊണ്ടാണ്...
"A Seperation" എന്ന ഭൂലോക ക്ലാസ്സിക്കിലേക്കും "About Elly" എന്ന ക്ലാസ്സി അവതരനത്തിലെക്കുമൊക്കെ Asghar Farhadi നടന്നെത്തിയ വഴി ഈ സിനിമയില്‍ വ്യക്തമായി കാണാം..
ഓരോ സീനും നമ്മളെ ചിന്തിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു...അടുത്തതെന്താനെന്നു ഊഹിപ്പിക്കുകയും അതില്‍ നിന്നും സമര്‍ത്ഥമായി മാറി നടക്കുകയും ചെയ്യുന്നു...ഒടുവില്‍ എല്ലാം നമ്മുടെ തലയില്‍ കെട്ടി വച്ചു 'ഇനി നിങ്ങള്‍ എന്താ വേണ്ടതെന്ന് വച്ചാ അതങ്ങു തീരുമാനിച്ചോ' എന്ന divine ധാര്‍ഷ്ട്യത്തോടെ സിനിമ നമ്മളിലേക്ക് അവസാനിപ്പിച്ചു പുള്ളി എണീറ്റ്‌ ഒരൊറ്റ പോക്കങ്ങു പോകുന്നു....!!!
ഇങ്ങേരെ നേരില്‍ കണ്ടാല്‍ ഉറപ്പായും പുറത്തു തട്ടി പറയണം "പഹയാ..ജ്ജ് സുലൈമാനല്ലെടാ...ഹനുമാനാ..ഹനുമാന്‍.. എന്ന്.."

Tuesday, September 18, 2012

FILMS: പസങ്ക

"പസങ്ക" എന്ന തമിഴ് സിനിമ കാണാന്‍ ഒരു പാട് വൈകി എന്ന് തോന്നുന്നു....
"Stanley ka Dabba" കുറച്ചു നാള്‍ മുമ്പേ കണ്ടത് മുതല്‍ അതിനേക്കാള്‍ നല്ല, അതിലേറെ 'കുട്ടിത്തം' ഉള്ള ഒരു സിനിമ കാണാനുള്ള തിരച്ചിലാണ് എന്തായാലും "പസങ്ക" യിലേക്ക് എത്തിയത്...തീര്‍ത്തും വിജയകരമായ ഒരെത്തിച്ചേരല്‍...,...
എന്ത് രസമാണ് കുട്ടികളുടെ ജീവിതം...
അവരുടെ ജീവിതത്തില്‍ മുടിഞ്ഞ പ്രേമത്തിന്റെ അസ്കിതയില്ല...
ആരെയും കൊല്ലാനില്ല...
ആരാലും ചതിക്കപ്പെടാനില്ല...അങ്ങനെയുള്ള "കൊല കൊമ്പന്‍ " പ്രശ്നങ്ങളൊന്നുമില്ല...
അവരുടെ വലിയ പ്രശ്നം സൈക്കിളില്ലയ്മയാണ്...പഠിത്തത്തില്‍ പുറകിലായിപ്പോകുന്നതാണ്...ക്ലാസ്സില്‍ സംസാരിക്കുമ്പോള്‍ പേരുഴുതുന്ന ക്ലാസ്സ്‌ ലീഡര്‍ ആണ്...അച്ഛന്റെയും അമ്മയുടെയും സൌന്ദര്യ പിണക്കങ്ങലാണ്...

amazing എന്ന വാക്കിനുമപ്പുറമുള്ള easiness ഓടെയാണ് ഈ സിനിമ സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നതും എഴുതപ്പെട്ടിട്ടുള്ളതും...
അമാനുഷികതയുടെ അതി ഭയങ്കര "കത്തി' കളുടെ ഉപ്പാപ്പമാരായ   തമിഴന്‍ തന്നെയാണ് ജീവിതം യാതൊരു കാപട്യവുമില്ലാതെ പറയുന്ന കാര്യത്തിലും "ഉസ്താദ്‌ " എന്ന് ഒരിക്കല്‍ കൂടി ബോധ്യമായി...അത്രമേല്‍ പച്ചയായ(,മഞ്ഞയായ,ചുവപ്പായ, അങ്ങനെ ജീവിതത്തിന്റെ എല്ലാ നിറങ്ങളും) അവതരണമാണ് ഈ സിനിമയുടെ അവസാന പത്തു മിനുട്ടിന് തൊട്ടു മുമ്പ് വരെ...

(മക്കളെ...ഈ സിനിമയില്‍ 'പക്കട' എന്ന വേഷം ചെയ്ത ഒരു പയ്യനുണ്ട്...ശരിക്കും അവന്‍ ഒരു "കരിമ്പുലി" തന്നെ...അവനെ ലോക സിനിമ കാത്തിരിക്കുന്നു എന്നാണു എന്റെ പക്ഷം...)